കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനും യു ഡി എഫിനും ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പഞ്ചായത്ത് പ്രസിഡന്റെന്ന അന്വേഷണം പൂര്‍ത്തിയാക്കും മുമ്പു അണികള്‍ തിരിച്ചു ചോദിച്ചു; എ കെ ഹാരിഫല്ലാതെ പിന്നാരാകാനാ? അവര്‍ പറഞ്ഞു തീരും മുമ്പു മറ്റു ചിലര്‍ ഇടപെട്ടു: എം പി ഖാലിദിനെന്താ കുഴപ്പം? ഇവരല്ലാതെ ഇതിനു പറ്റിയ മറ്റാരും കുമ്പളയിലില്ലേ എന്നും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ അണിയറ നീക്കവും ആരംഭിച്ചിട്ടുണ്ടെന്നു പറയുന്നു.
കാലാകാലങ്ങളായി ആരിക്കാടി, ബംബ്രാണ, ഉളുവാര്‍ എന്നിവിടങ്ങളിലുള്ളവരാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നതെന്നും വിമര്‍ശനമുണ്ട്. ഇത്തവണ കുമ്പളക്കാര്‍ക്കോ, മൊഗ്രാല്‍കാര്‍ക്കോ പ്രസിഡന്റു സ്ഥാനം കിട്ടണമെന്നും ചര്‍ച്ച രൂപപ്പെടുന്നു. അതേസമയം കോയിപ്പാടി വാര്‍ഡില്‍ കോയിപ്പാടി വാര്‍ഡിലുള്ളവര്‍ തന്നെ പഞ്ചായത്തു മെമ്പറാവണമെന്നു പൊതുവേ ആവശ്യമുയരുന്നുണ്ട്. ഇത്തവണ ഹമീദോ, ഹനീഫയോ മത്സരിക്കട്ടെ എന്നും സംസാരമുണ്ട്.
വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ മുസ്ലീംലീഗിനു ഭൂരിപക്ഷം കിട്ടാനുള്ള സാഹചര്യം തെളിഞ്ഞിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഡ് വിഭജനത്തിന്‍ ഒരു വാര്‍ഡു വര്‍ധിച്ചു. പഞ്ചായത്തില്‍ 23 വാര്‍ഡായിരുന്നു. അതിപ്പോള്‍ 24 ആയി. അതില്‍ 12 വാര്‍ഡ് വനിതാ സംവരണ വാര്‍ഡുകളാണ്. 11 ജനറല്‍ വാര്‍ഡുകളുണ്ട്. കോട്ടക്കാര്‍ വാര്‍ഡ് എസ് സി സംവരണമാണ്. ആ വാര്‍ഡിലെ കാര്യം സി പി എമ്മും ബി ജെ പിയും നോക്കിക്കൊള്ളുമെന്നു ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. 11 ജനറല്‍ വാര്‍ഡുകളില്‍ കക്കളംകുന്ന്, ബംബ്രാണ, കൊടിയമ്മ, ഇച്ചിലമ്പാടി, മുളിയടുക്ക, പേരാല്‍, ബദരിയ നഗര്‍ വാര്‍ഡുകള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉറപ്പാക്കിക്കഴിഞ്ഞു. 12 വനിതാ സംവരണ വാര്‍ഡുകളില്‍ കുമ്പോല്‍, ആരിക്കാടി, ഊജാര്‍, ഉളുവാര്‍, കെ കെ പുറം, മൊഗ്രാല്‍, കൊപ്പളം, കുമ്പള റെയില്‍വെ സ്റ്റേഷന്‍, നടുപ്പള്ളം വാര്‍ഡുകള്‍ ലീഗിന്റെ സ്വന്തം വാര്‍ഡുകളാണെന്നു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 24ല്‍ 16 പോരേ? പോരെങ്കില്‍ കോണ്‍ഗ്രസ് വാര്‍ഡുകളുമുണ്ടെന്ന് യു ഡി എഫ് പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ 11വാര്‍ഡില്‍ ഒറ്റക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? എന്തിനു 11ല്‍ ഒതുങ്ങുന്നു. 24 വാര്‍ഡിലും മത്സരിക്കാമല്ലോയെന്നാണ് അവരെക്കുറിച്ചു യു ഡി എഫിനുള്ള മനോഭാവം. കഴിഞ്ഞ പ്രാവശ്യം എസ് ഡി പി ഐക്കു ഒരു സീറ്റുണ്ടായിരുന്നു. ഇത്തവണ ആ വാര്‍ഡു നിലനിറുത്താന്‍ ആ പാര്‍ട്ടിക്കു കഴിയുമോ എന്നും യു ഡി എഫ് സംശയം ഉയര്‍ത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു സ്വതന്ത്രരുള്‍പ്പെടെ സി പി എമ്മിന് മൂന്നു അംഗങ്ങളുണ്ടായിരുന്നുവെന്നു യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തവണ കളത്തൂര്‍ കിട്ടിയേക്കാമെന്നും ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ട്. പിന്നെ നാരായണമംഗലം, ഷേഡിക്കാവ്, ശാന്തിപ്പള്ളം, മാട്ടംകുഴി വാര്‍ഡുകള്‍ ഉണ്ട്. അതില്‍ മറ്റു പാര്‍ട്ടികള്‍ ശക്തിതെളിയിക്കട്ടെ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും മുമ്പേ നാട് തിരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ്. ഇതേ ആവേശം ഭരണ- പ്രതിപക്ഷ കക്ഷികള്‍ മറ്റു പഞ്ചായത്തുകളിലും അടിത്തട്ടില്‍ രൂപപ്പെടുത്തുന്നതിനും ശ്രമങ്ങള്‍ തുടരുന്നുണ്ട്.
