കാസര്‍കോട്: സിബിഎസ്ഇ ജില്ലാ സ്‌കൂള്‍ കലോത്സവം 21ന് പരവനടുക്കത്ത് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ 3000ലധികം വിദ്യാര്‍ത്ഥികള്‍ സര്‍ഗവാസന തെളിയിക്കും. ചന്ദ്രഗിരി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ 21 സിബിഎസ്ഇ വിദ്യാലയങ്ങളാണ് പങ്കെടുക്കുക. 21ന് സ്റ്റേജിതര മത്സരമാണ്. 9 വേദികളിലാണ് ഈ മത്സരം നടക്കുക. 22,23 തിയതികളില്‍ ആറു വേദികളില്‍ കലാമത്സരത്തിനു തിരശ്ശീല ഉയരും. 69 ഇനങ്ങളിലാണ് കലാമത്സരങ്ങള്‍. 44 ഇനങ്ങളിലാണ് സ്റ്റേജിതര മത്സരങ്ങള്‍. കലോത്സവം 22ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സഹോദയ ഭാരവാഹികള്‍ പ്രസംഗിക്കും. കലോത്സവത്തോടനുബന്ധിച്ചു പുസ്തകമേളയും സജ്ജീകരിച്ചിട്ടുണ്ടെന്ന് സഹോദയ ഭാരവാഹികളായ പി. അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഇഖ്ബാല്‍ പി, ഉദയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
