കാസർകോട്: സർക്കാർ ജീവനക്കാരനായ യുവാവ് കിണറിൽ വീണുമരിച്ചു. രക്ഷിക്കാൻ ഇറങ്ങിയ സഹോദരനെ ഫയർഫോഴ്സ് എത്തി കരക്കെത്തിച്ചു. കുമ്പള നാരായണമംഗലം സ്വദേശി വിവേക് ഷെട്ടി (28) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. വിവേക് കിണറിൽ വീഴുന്നത് കണ്ട സഹോദരൻ തേജസ് അപ്പോൾ തന്നെ കിണറിൽ എടുത്തു ചാടുകയായിരുന്നു. എന്നാൽ തേജസ് കിണറിൽ കുടുങ്ങി. നാട്ടുകാരുടെ വിവരത്തെത്തുടർന്നു ഉപ്പളയിൽ നിന്ന് ഫയർഫോഴ്സ് എത്തി ആദ്യം തേജസിനെ കരക്കെത്തിച്ചു. വിവേകിനെ കരക്കെത്തിച്ച് കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലീഗൽ മെട്രോളജി വകുപ്പിലെ സീനിയർ ക്ലർക്കാണ് വിവേക്. നാലുവർഷം മുമ്പ് ആശ്രിത നിയമനത്തിലാണ് ജോലി ലഭിച്ചത്. പരേതനായ രാംപ്രസാദ് ഷെട്ടിയുടെയും ഗീതയുടെയും മകനാണ്. മറ്റൊരു സഹോദരൻ നവനീത് ഷെട്ടി.
