കാസര്‍കോട്: കാസര്‍കോട്ടെ പടക്ക കടയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 8893.745 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഉടമക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അടുക്കത്ത് ബയല്‍ കേളുഗുഡെയില്‍ പ്രവര്‍ത്തിക്കുന്ന ബീബീ ഫയര്‍ വര്‍ക്‌സ് എന്നസ്ഥാപനത്തിലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഉടമ ആര്‍ഡി നഗറിലെ സിഎച്ച് മുഹമ്മദ് കുഞ്ഞി(55)ക്കെതിരെ കേസെടുത്തു. ടൗണ്‍ എസ് ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന റെയ്ഡിലാണ് പടക്കശേഖരം കണ്ടെത്തിയത്. അനുവദിച്ചതില്‍ കൂടുതല്‍ അളവില്‍ ഉദാസീനമായി ഗോഡൗണില്‍ സൂക്ഷിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ ദിവസം അനന്തപുരത്തെ സ്ഥാപനത്തില്‍ നിന്നും 4058 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ദീപാവലിക്കായി ശേഖരിച്ചുവച്ച പടക്കമാണ് പിടികൂടിയത്.
