കോട്ടയം: അയര്‍ക്കുന്നം ഇളപ്പാനിയില്‍ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഭര്‍ത്താവ് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പ്പാന ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സോണി ആണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല. കല്ലില്‍ തലയിടിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം തൊട്ടടുത്ത പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം അല്‍പ്പനയെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് സോണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാന്‍ ഇല്ലെന്ന് പരാതി നല്‍കിയ ശേഷം ഇയാള്‍ പിന്നീട് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. ഞായറാഴ്ച ഉച്ചയോടെ പ്രതി പറഞ്ഞ സ്ഥലം പരിശോധിച്ചു. കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. പതിനാലാം തീയതിയാണ് മുര്‍ഷിദാബാദ് സ്വദേശിനി അല്‍പ്പനയെ കാണാതായത്. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയര്‍ക്കുന്നത്തായിരുന്നു താമസം.








