ന്യൂഡല്‍ഹി: പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുത്തേറ്റ് ഗര്‍ഭിണിയായ യുവതിയും ലിവ് ഇന്‍ പങ്കാളിയും മരിച്ചു. പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലാണ് സംഭവം. ശാലിനി(22), ലിവ് ഇന്‍ പങ്കാളി ആഷു എന്ന ശൈലേന്ദ്ര(34) എന്നിവരാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ ഭര്‍ത്താവ് ആകാശാ(23)ണ് ചികിത്സയിലുള്ളത്. യുവതിയെ ലിവ് ഇന്‍ പങ്കാളി ആഷു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. പ്രണയ ബന്ധത്തിലുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ ശാലിനി ആഷുവിനൊപ്പമാണ് കുറെ നാളുകളായി താമസിച്ചിരുന്നത്. അതിനിടെ ശാലിനി ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയത് ആഷുവിനെ പ്രകോപിപ്പിച്ചു. ആഷുവിനെ ഒഴിവാക്കി ഭര്‍ത്താവിനൊപ്പം കഴിയാന്‍ ശാലിനി തീരുമാനിച്ചിരുന്നു. ശനിയാഴ്ച
ശാലിനിയും ഭര്‍ത്താവും ശാലിനിയുടെ മാതാവ് ഷീലയെ കാണാന്‍ പോയതായിരുന്നു.
അവിടെയെത്തിയ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. എന്നാല്‍
ആകാശ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഓട്ടോയില്‍ ഇരിക്കുകയായിരുന്ന ശാലിനിക്ക് നേരെയായി പിന്നീട് ആഷുവിന്റെ ആക്രമണം. യുവതിയെ പലതവണ കുത്തിയപ്പോള്‍ ആകാശ് ആഷുവിനെ കീഴ്പ്പെടുത്തുകയും അതേ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മൂവരെയും ശാലിനിയുടെ സഹോദരന്‍ ആശുപത്രിയിലത്തിച്ചെങ്കിലും ശാലിനിയെയും ആഷുവിനെയും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പേ ഇരുവരും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശാലിനിയുടെ മാതാവ് ഷീലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
