തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ‘ബ്ലേഡ്’ ഇടപാടും ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്‌ഐടി സംഘത്തിന് വീട്ടില്‍ നിന്ന് ലഭിച്ചു. പണം വാങ്ങിയവരുടെ ആധാരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ എസ്‌ഐടി സംഘം പിടിച്ചെടുത്തു. ബ്ലേഡില്‍ കുടുങ്ങിയ നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. വീട്ടില്‍ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണായക രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും കണ്ടെത്തി. 2020 നുശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നല്‍കി തുടങ്ങിയതെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസില്‍ അടിമുടി ദുരൂഹത തുടരുകയാണ്. അതേസമയം, കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയത്. ബംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.








