കാസർകോട്: കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (CBL) മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം വെച്ച് ഇന്ന് നടക്കുന്ന മത്സരം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും. വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.എല്‍ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളില്‍ പതിനാറോളം ടീമുകള്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2ന് തന്നെ ആദ്യത്തെ ഹീറ്റ്സ് മത്സരം നടക്കും. തുടർന്ന് 4 ഹീറ്റ്സ് മത്സരങ്ങൾ നടക്കും. നെഹ്റു ട്രോഫി ജലമേളയ്ക്ക് ട്രാക്ക് ഒരുക്കുന്ന പ്രഫഷനൽ ടീം തന്നെയാണ് ഇവിടെയും ട്രാക്ക് ഒരുക്കിയത്. 850 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിന്റെ വീതിയും നീളവും വിലയിരുത്താൻ ടെക്നിക്കൽ കമ്മിറ്റി ചുമതലയുള്ള ഒഫീഷ്യൽസ് പുഴയിൽ സഞ്ചരിച്ചു സന്ദർശനം നടത്തി. ആദ്യമായി നടക്കുന്ന സിബിഎൽ എന്ന നിലയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സംഘാടകർ.







