കാസര്‍കോട്: കാറില്‍ കടത്തിയ കാല്‍ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാസര്‍കോട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ മധൂര്‍ മുട്ടത്തൊടി സ്വദേശി ടിഎം അബൂബക്കര്‍ സിദ്ദീഖ്(33) പിടിയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ടൗണ്‍ എസ് ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം പുത്തൂര്‍ കുന്നില്‍ നീര്‍ച്ചാലില്‍ വച്ചാണ് പുകയില കടത്ത് പിടികൂടിയത്. പട്രോളിങിനിടെ സംശയം തോന്നിയ കാര്‍ തടഞ്ഞു നിര്‍ത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മിണ്ടാതിരുന്നതോടെ പൊലീസ് കാറനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയിലും പിന്‍ സീറ്റിലും ചാക്കില്‍ നിറച്ച നിലയിലായിരുന്നു പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍. ആകെ 25236 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. 3500 രൂപയും പിടികൂടി. കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സി രമേഷും വാഹനപരിശോധനയില്‍ പങ്കെടുത്തു.







