പയ്യന്നൂർ: 140 കിലോ ഒട്ടുപാലും മൂന്ന് ചാക്ക് കാലിത്തീറ്റയും മോഷ്ടിച്ച സ്ത്രീയും സുഹൃത്തും അറസ്റ്റില്‍. പെരിങ്ങോം വേറ്റുവക്കുന്ന് ഉന്നതിയിലെ പൊയക്കുന്നത് ജയപ്രകാശ് (49), പഴമക്കാരന്‍ ഹൗസില്‍ കെ.കെ.ഉഷാകുമാരി (49) എന്നിവരെയാണ് സി.ഐ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.കദീജ അറസ്റ്റ് ചെയ്തത്. ആലപ്പടമ്പ് കുട്ടപ്പുന്നയിലെ ഗോവിന്ദന്‍ നമ്പീശന്‍, ദേവകിയമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡില്‍ നിന്നാണ് ഇവര്‍ ഒട്ടുപാലും കാലിത്തീറ്റയും കവര്‍ന്നത്. ഈ മാസം 10ന് രാവിലെ ഒമ്പത് മണിക്കും 12ന് രാവിലെ ഒമ്പത് മണിക്കുമിടയിലുള്ള സമയം കവര്‍ച്ച നടന്നുവെന്നാണ് ഷെഡിന്റെ നടത്തിപ്പുകാരന്‍ പെരിങ്ങോം ആമ്പിലഞ്ഞേരിയിലെ സാബു പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പതിനാലായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഉഷാകുമാരിയും ജയപ്രകാശും ഒരുമിച്ചാണ് താമസിച്ചുവരുന്നത്. പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.
