കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം കുറിഞ്ഞിയായ ജോമികുറിഞ്ഞി (സ്‌ട്രോബിലാന്തസ് ജോമി)യുടെ സംരക്ഷണവും പരിസ്ഥിതി പ്രധാന്യവും വ്യക്തമാക്കുന്ന ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് ബേക്കല്‍ സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കെ.പൗര്‍ണ്ണമി ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലേയ്ക്ക്. തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിനിയായ കെ പൗര്‍ണ്ണമി ആറാട്ടു കടവിലെ കെ ബാബു- എം വി ശ്രീകല ദമ്പതികളുടെ മകളാണ്.
ഈ വര്‍ഷം മുതലാണ് സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട് മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. മത്സരത്തിനു പേരു നല്‍കിയ പൗര്‍ണ്ണമിക്കു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. എട്ടു വര്‍ഷത്തില്‍ ഒരു തവണ മാത്രം പൂക്കുന്ന കാസര്‍കോടിന്റെ സ്വന്തം കുറിഞ്ഞി ഇനമായ ജോമിക്കുറിഞ്ഞിയാണ് പ്രൊജക്ടിന് വിഷയമായി തെരഞ്ഞെടുത്തത്.
കാസര്‍കോട് ജില്ലയില്‍ അഡൂര്‍, പാണ്ടിയിലും പെരിയ, ആയംബാറയിലെ കണ്ണാലയം നാരായണന്റെ തോട്ടത്തിലുമാണ് ഇതിനകം ഈ ചെടിയെ തിരിച്ചറിഞ്ഞിട്ടുള്ളത്. ജോമികുറിഞ്ഞിയെ കാണാന്‍ ആയംബാറയില്‍ എത്തിയ പൗര്‍ണ്ണമി ചെടിയെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ചെടിക്ക് ഇത്തരമൊരു പേര് വരാന്‍ ഇടയായതിനെക്കുറിച്ചും അതിന്റെ ഔഷധ പ്രാധാന്യത്തെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. ചെടി അറിയപ്പെടുന്ന പാലാ സെന്റ് തോമസ് കോളേജിലെ മുന്‍ ബോട്ടണി വിഭാഗം തലവനായ ഡോ. ജോമി അഗസ്ത്യന്‍, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, കാസര്‍കോട് ഗവ. കോളേജിലെ ബോട്ടണി അധ്യാപകന്‍ ഡോ. ബിജു എന്നിവരുമായും ബന്ധപ്പെട്ട് ജോമികുറിഞ്ഞിയെ കുറിച്ചുള്ള സകല കാര്യങ്ങളും പഠിച്ചറിഞ്ഞ ശേഷമാണ് പൗര്‍ണ്ണമി പ്രോജക്ട് തയ്യാറാക്കി ശാസ്ത്രമേളയ്ക്ക് ഒരുങ്ങിയത്.
നാലിനം കാന്‍സറുകളെ ചെറുക്കാന്‍ കഴിയുന്ന ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും അടുത്തിടെയാണ് ബംഗളൂരു ക്രൈസ്റ്റ് കല്പിത സര്‍വ്വകലാശാലാ ലൈഫ് സയന്‍സ് വകുപ്പിലെ ശാസ്ത്രജ്ഞര്‍ ജോമിക്കുറിഞ്ഞിയില്‍ കണ്ടെത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ ജോമി കുറിഞ്ഞിയെ സംരക്ഷിക്കേണ്ട സാഹചര്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നതാണ് പൗര്‍ണ്ണമിയുടെ ഗവേഷണ പ്രോജക്ട്.







