ചിക്കമംഗളൂരു: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു അണ്ണാപുരത്തെ രമേശ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രമേശന്‍ ഭാര്യ തനു (25)വിനെ കുത്തിക്കൊലപ്പെടുത്തിയത്. അതിനു ശേഷം ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ തന്നെ അക്രമിച്ചുവെന്നും ആത്മരക്ഷാര്‍ത്ഥം കുത്തിയതാണെന്നു വിശ്വസിപ്പിക്കാനുമായിരുന്നു രമേശിന്റെ ഈ നീക്കം. എന്നാല്‍ തനുവിന്റെ വീട്ടുകാര്‍ നടത്തിയ ഇടപെടലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ഏഴുവര്‍ഷം മുമ്പാണ് തനുവും രമേശും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ആറുവയസുള്ള ഒരു കുട്ടിയുമുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം കാരണം തനു മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഭാര്യയെ കൂട്ടി കൊണ്ടുപോകാന്‍ രമേശ് പലതവണ ശ്രമിച്ചുവെങ്കിലും തനു അതിനു തയ്യാറായില്ല. ഈ വിരോധത്തില്‍ കഴിഞ്ഞ ദിവസം രമേശ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രമേശിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു’.








