തിരുവനന്തപുരം: ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിനു പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ നിന്നാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി ശശിധരന്‍, എസ് പി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഉണ്ണികൃഷ്ണനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. വരും ദിവസങ്ങളില്‍ ആരോപണ വിധേയരായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയടക്കം അന്വേഷണസംഘം ചോദ്യം ചെയ്യും. ശബരിമല ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരികയെന്ന വലിയ ഉത്തരവാദിത്തമാണ് പ്രത്യേക അന്വേഷണ സംഘത്തിനുള്ളത്. 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് തിരിച്ച് നൽകിയെന്ന് സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴി എങ്കിലും 11 ഗ്രാം സ്വർണം കൂടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ അധികമായി ഉണ്ടെന്നാണ് രേഖകൾ. കൊള്ള നടത്തിയ ഉണ്ണികൃഷ്ണൻ സ്വർണം പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശി കൽപേഷിനാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൽ കണ്ടെത്തൽ.
