ബംഗളൂരു: ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡ(21)യെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈമാസം 10 നാണ് സംഭവം നടന്നത്. മാനസിക സംഘര്‍ഷവും ഭയവും കാരണം യുവതി പരാതി നല്‍കാന്‍ വൈകിയതായി പൊലീസ് പറഞ്ഞു. പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിക്കുകയുമായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തനിക്കെന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഏഴാം നിലയിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ചുംബിക്കാന്‍ശ്രമിച്ചു. ഭയന്നുപോയ പെണ്‍കുട്ടി ഉടന്‍ ലിഫ്റ്റില്‍ കയറി ആറാം നിലയിലേക്ക് ഓടിപ്പോയി. പിന്നാലെയെത്തി പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ബാത്‌റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. അതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നതോടെ ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം കീശയിലിട്ടു. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ച് ഗര്‍ഭനിരോധന ഗുളിക വേണോ എന്ന് ചോദിച്ചതായി എഫ്ഐആറില്‍ ഉണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കോളേജിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
