ബംഗളൂരു: വിവാഹം കഴിഞ്ഞ് 11-ാം മാസം യുവഡോക്ടറെ ബോധം കെടുത്താനുള്ള മരുന്ന് അമിതമായി കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗ്‌ളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രമുഖ സര്‍ജനായ ഡോ. മഹേന്ദ്ര റെഡ്ഡി (32)യെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഡോ. കൃതിക റെഡ്ഡി (30)കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
2024 മെയ് 26ന് ആണ് പ്രമുഖ സര്‍ജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും ത്വക് രോഗ വിദഗ്ദ്ധയായ കൃതിക റെഡ്ഡിയും തമ്മില്‍ വിവാഹിതരായത്. യുവതിയുടെ ശാരീരിക അവസ്ഥകളും രോഗവും മറച്ചു വച്ചായിരുന്നു വിവാഹം നടത്തിയതത്രെ. കല്യാണത്തിനു ശേഷം വലിയ തുക ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതു ഇരുവരുടെയും ദാമ്പത്യത്തിനു തടസ്സമായി. ഇതേ തുടര്‍ന്നാണ് മയക്കാനുള്ള മരുന്ന് അമിതമായ അളവില്‍ പലതവണ കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. മരണത്തില്‍ വീട്ടുകാര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. മൃതദേഹത്തില്‍ നിന്നു ശേഖരിച്ച ‘വിസറ’ (ആന്തരികാവയവങ്ങളുടെ സാമ്പിള്‍) രാസ പരിശോധനയ്്ക്കു അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ ചെന്നതാണ് മരണകാരണമായതെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോളാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
