വെള്ളരിക്കുണ്ട്: സ്വന്തം മതവിശ്വാസം മുറുകെ പിടിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതും എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്നതും ബിജെപി മാത്രമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി സോഷ്യല്‍ ഔട്ട് റീച്ച് ജില്ലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് കേരളത്തിലെ ഇടതു-വലത് മുന്നണികള്‍ക്ക് ദഹിച്ചിട്ടില്ല. എറണാകുളം പള്ളുരുത്തിയിലെ സെന്റ്. റീത്താസ് വിദ്യാലയത്തിലെ ഹിജാബ് വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച വിദ്യാലയ മാനേജ്‌മെന്റിന് പിന്തുണയുമായി ഒരു കോണ്‍ഗ്രസ് -സിപിഎം നേതാവ് പോലും എത്തിയില്ല. ഈ വിഷയങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ പാലിക്കുന്ന മൗനം കേരളം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ സൂചനയാണ്. ഛത്തീസ്ഗഢ് വിഷയത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ബിജെപിയില്‍ നിന്നും അകറ്റാന്‍ തീവ്ര ഇസ്ലാമിക സംഘടനയും എസ്ഡിപിഐയുമാണ് മുന്നില്‍ നിന്നത്. ബിജെപി ക്രിസ്ത്യന്‍ വേട്ട നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ബിജെപി ഭരണമുള്ള ഉത്തര്‍പ്രദേശിലും ഗുജറാത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ഒട്ടേറെ മികച്ച സ്ഥാപനങ്ങള്‍ നടത്തുന്നുവെന്ന കാര്യം വിസ്മരിക്കുകയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഇടപെടല്‍ നടത്തിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്നും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സോഷ്യല്‍ ഔട്ട് റീച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷോണ്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
കെ.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് കെ. നിത്യാനന്ദന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, ഉത്തമന്‍, വ്യാപാരി വ്യവസായ ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്‍, ലൈസമ്മ ജോണ്‍, എന്നിവര്‍ സംസാരിച്ചു.







