കാസര്‍കോട്: കാറില്‍ കടത്തിയ മുക്കാല്‍ കോടി രൂപയുടെ കുഴല്‍പണവുമായി മഞ്ചേശ്വരത്ത് പിടിയിലായത് കാഞ്ഞങ്ങാട്ടെ ദമ്പതികളും സഹായിയും. തുക്കാറാം, ഭാര്യ സുനിത, സഹായി അക്ഷയ് എന്നിവര്‍ വ്യാഴാഴ്ച രാവിലെ 7.45ന് മഞ്ചേശ്വരം ദേശീയപാതയിലാണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മംഗ്‌ളൂരു ഭാഗത്തു നിന്നും കാര്‍ എത്തിയത്. സംശയം തോന്നി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം ചോദിച്ചുവെങ്കിലും കാറിലുണ്ടായിരുന്നവര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് മൂന്നുപേരെയും കാറും പണവും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു.







