കോഴിക്കോട്: ദുഃസ്വപ്‌നം കാണാതിരിക്കാന്‍ ചരട് പൂജിച്ച് കെട്ടാനായി എത്തിയ വിദ്യാര്‍ത്ഥിനിയെ മന്ത്രവാദി പീഡിപ്പിച്ചതായി പരാതി. പരാതിയില്‍ മന്ത്രവാദിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്, പറമ്പിക്കടവ്, കുന്നത്തു മലയില്‍ താമസക്കാരനായ വയനാട്, മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ (42) ആണ് ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി മഹേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഉറക്കത്തില്‍ ദുഃസ്വപ്‌നം കാണുന്നതിനു പരിഹാരമായി ചരട് പൂജിച്ച് കെട്ടാനാണ് വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം മന്ത്രവാദിയുടെ പറമ്പിക്കടവിലുള്ള വീട്ടില്‍ എത്തിയത്. പൂജ ചെയ്യണമെന്നും ഇതിനുള്ള സാധനങ്ങളുമായി എത്തണമെന്നും മന്ത്രവാദി നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം എത്തിയ വിദ്യാര്‍ത്ഥിയെ കുഞ്ഞുമോന്‍ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പിന്നീട് ഒരു ദിവസം കോളേജിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയായ കുഞ്ഞുമോന്‍ പിന്തുടരുകയും ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചതായും വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മന്ത്രവാദിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.







