മുംബൈ: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ(68) യാത്രയായി. മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ കർണ്ണൻ എന്ന വേഷമാണ് പങ്കജ് ധീറിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് താരത്തെ ജനപ്രിയനാക്കിയത്.കർണ്ണൻ എന്ന കഥാപാത്രത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും, ‘ചന്ദ്രകാന്ത’ എന്ന പരമ്പരയിലെ ചുന്നാർഗഢ് രാജാവായ ശിവദത്ത് എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ചന്ദ്രകാന്ത, ബധോ ബഹു, സീ ഹോറർ ഷോ, കാനൂൻ തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിലും സസുരാൽ സിമർ കാ എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചു.സോൾജിയർ , അന്താസ് , ബാദ്ഷാ, തുംകോ ന ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ ധ്രുവ് താര സമയ് സദി സേ പര എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1956 ൽ പഞ്ചാബിലാണ് പങ്കജ് ധീർ ജനിച്ചത്. പിതാവ് സി.എൽ.ധീർ പ്രശസ്തനായ സംവിധായകനും നിർമാതാവുമായിരുന്നു. അങ്ങനെയാണ് പങ്കജിൽ സിനിമയോടുള്ള താൽപര്യമുണ്ടായത്. മുംബൈയിലായിരുന്നു പങ്കജിന്റെ സ്കൂൾ, കോളജ് വിദ്യാഭ്യാസം. അതിനു ശേഷം സിനിമാരംഗത്തേക്കു കടന്നു. പിതാവിനെപ്പോലെ സംവിധായകനാകുകയായിരുന്നു ലക്ഷ്യം. സഹസംവിധായകനായാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചു. ‘സൂഖ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മൈ ഫാദർ ഗോഡ്ഫാദർ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.ഭാര്യ അനിത ധീർ ബോളിവുഡിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആണ്. മകൻ നികിതിൻ ധീറും മരുമകൾ ക്രതിക സെൻഗറും ചലച്ചിത്രതാരങ്ങളാണ്.സംസ്കാരം വൈകിട്ട് വൈൽ പാർലെയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ നടന്നു.







