ബറോഡ: രണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ ചുംബിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബറോഡയിലെ മഹാരാജ സയജിറാവു സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ക്ലാസ് നടക്കുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് സംശയിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി ശുപാര്‍ശ ചെയ്യുന്നതിനായി സര്‍വകലാശാല ഒരു ഉന്നതതല വസ്തുതാന്വേഷണ സമിതിക്ക് രൂപം നല്‍കി. വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു ക്ലാസ് മുറിയാണ് ദൃശ്യത്തിലുള്ളത്. സംഭവം നടന്നത് പരീക്ഷയ്ക്കിടെയാണെന്ന അവകാശവാദത്തോടെ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചെങ്കിലും, പ്രാഥമിക നിരീക്ഷണങ്ങള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്ന് എംഎസ്.യു അധികൃതര്‍ വ്യക്തമാക്കി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്‍ട്സ് ഫാക്കല്‍റ്റിയിലെ (ഇന്‍-ചാര്‍ജ്) ഡീന്‍ പ്രൊഫസര്‍ കല്‍പ്പന ഗവ്ലി ഒരു യോഗം വിളിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിക്കുന്നതിനായി സര്‍വകലാശാല അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ക്ലാസ് മുറി ആര്‍ട്സ് ഫാക്കല്‍റ്റിയിലേതാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞതായി അധ്യാപകര്‍ പറഞ്ഞു. അതിനിടെ കൊമേഴ്സ് ഫാക്കല്‍റ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പരസ്യമായി ചുംബിക്കുന്ന മറ്റൊരു വീഡിയോവും വൈറലായിട്ടുണ്ട്.
