കോഴിക്കോട്: 48 ഹോട്ടലുകളില്‍ നിന്നു സംഭാവനപ്പെട്ടി (ചാരിറ്റി ബോക്‌സ്) മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി. തൃശൂര്‍, ചാഴൂര്‍ സ്വദേശി സന്തോഷ് കുമാറി (51)നെയാണ് ഫറോക്ക് അസി. പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
അരീക്കാട്, ഹോട്ട്ബാക്ക് ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ നിന്നു നേര്‍ച്ചപ്പെട്ടി കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48 ഹോട്ടലുകളില്‍ നിന്നായി നേര്‍ച്ചപ്പെട്ടികള്‍ കവര്‍ന്നിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഒരു ഹോട്ടലില്‍ ഒരു തവണ മാത്രമേ മോഷണം നടത്താറുള്ളൂ. മോഷണം നടത്തിയ ഹോട്ടലുകളുടെ പേരുകള്‍ നമ്പര്‍ ഇട്ട് എഴുതിയ കുറിപ്പും സന്തോഷ് കുമാറില്‍ നിന്നു പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയ ഹോട്ടലുകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയുന്നതിനാണ് ഈ കുറിപ്പ് സൂക്ഷിച്ചിരുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.
