പുത്തൂര്‍: രണ്ടാം വിവാഹമെന്ന മോഹവുമായി വധുവിനെ അന്വേഷിച്ചു എത്തിയ മലയാളിയും സൗദി അറേബ്യയിലെ വ്യവസായിയുമായ 53 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുഹമ്മദ് അഷ്റഫ് എന്നയാളുടെ പരാതി പ്രകാരം വിട്ല പൊലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കടമ്പു ബഷീര്‍, സഫിയ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
2024 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മംഗ്ളൂരു സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടാം വിവാഹം കഴിക്കാനാണ് മുഹമ്മദ് അഷ്റഫ് എത്തിയത്. ഈ സമയത്ത് കടമ്പു ബഷീര്‍ തന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ തയ്യാറാക്കി നിര്‍ത്തി. പിന്നീട് പെണ്‍കുട്ടിയും പരാതിക്കാരനും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എടുത്തു. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മുഹമ്മദ് അഷ്റഫില്‍ നിന്നു പണം തട്ടിയെടുത്തത്. ഏറ്റവും ഒടുവില്‍ ചിത്രങ്ങള്‍ ആദ്യ ഭാര്യയ്ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് മുഹമ്മദ് അഷ്റഫ് പൊലീസില്‍ പരാതി നല്‍കിയത്.
