കാസര്‍കോട്: ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിലും ഇടിമിന്നലിലും വിവിധ പ്രദേശങ്ങളില്‍ കനത്ത നാശം. ശക്തമായ കാറ്റില്‍ കുമ്പള ആരിക്കാടി കടവത്തെ കാത്തിമിന്റെ വീട്ടിനു മുകളിലേയ്ക്ക് തെങ്ങു കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനകത്തു ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയതിനാല്‍ ആള്‍ അപകടം ഉണ്ടായില്ല. രാത്രി 9.30മണിയോടെയാണ് സംഭവം.
ബംബ്രാണ, ചോക്കിരിഗല്ലിയില്‍ തെങ്ങ് വൈദ്യുതി ലൈനിലേയ്ക്ക് കടപുഴകി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍പ്രസിഡണ്ട് പരേതനായ നാം ഹനീഫിന്റെ വീട്ടിലെ ഗൃഹോപകരണങ്ങളും വയറിംഗും ഇടിമിന്നലില്‍ കത്തി നശിച്ചു.
മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി കെ എ അബ്ദുള്ള കുഞ്ഞി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വേലായുധന്‍, മുസ്ലീംലീഗ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ചൗക്കി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അഹ്‌മദ് ചൗക്കി, മഹമൂദ് കുളങ്ങര, ഹമീദ് കാവില്‍, നാരായണന്‍ നായര്‍ തുടങ്ങിയവര്‍ നാശനഷ്ടം ഉണ്ടായ വീടു സന്ദര്‍ശിച്ചു.
