രോഗികളില്ലാത്ത സംസ്ഥാനം!നമ്മുടെ തൊട്ട് അയല്‍പക്കത്ത് -തമിഴ്നാട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.
അപ്പോള്‍, സംസ്ഥാനത്തെ ആശുപത്രികള്‍? മെഡിക്കല്‍ കോളേജുകള്‍? ഡോക്ടര്‍മാരും നഴ്സുമാരും? എല്ലാവരും തൊഴില്‍ രഹിതരാകുമോ?
അങ്ങനെയൊന്നും സംഭവിക്കുകയില്ല. എല്ലാം പഴയപടി ഉണ്ടാകും, പേര് മാറ്റം മാത്രം (പെരുമാറ്റമല്ല; പേരുമാറ്റം). രോഗികള്‍ എന്ന് പറയാന്‍ പാടില്ല; പകരം ചികിത്സാ ഗുണഭോക്താക്കള്‍ എന്ന് പറയണം. ചികിത്സാ ഗുണഭോക്താക്കള്‍ എന്ന്. അപ്പോള്‍ ഡോക്ടര്‍മാരെയും നഴ്സ്മാരെയും ചികിത്സാ ഗുണഭോക്താക്കള്‍ എന്ന് വിളിക്കേണ്ടിവരും.
രോഗം ഇല്ലാതാകുന്നില്ല; രോഗം ബാധിച്ചവരെ ചികിത്സിക്കണം; രോഗശാന്തി ഉണ്ടാക്കണം. അത് ചെയ്യാനുള്ള അറിവും പ്രാപ്തിയുമുള്ളവര്‍ യഥാസമയം ഇടപെടണം. ചികിത്സ ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ആര്‍ട്ടിക്കിള്‍- 21, റൈറ്റ് ടു ലിവ് അഥവാ റൈറ്റ് ടു ലൈഫ്. ജീവിക്കാനുള്ള അവകാശം ശ്വസിച്ച് ജീവിച്ചാല്‍പ്പോരാ;
ശ്വാസോച്ഛാസം ചെയ്യാനുള്ള ശേഷിയുണ്ടാവുക എന്നല്ല ഉദ്ദേശിക്കുന്നത്. അന്തസ്സോടെ (വിത്ത് ഡിഗ് നിറ്റി), ആത്മാഭിമാനത്തോടെ (വിത്ത് പ്രൗഡ്) സന്തോഷത്തോടെ (വിത്ത് പ്ലഷര്‍) എന്നാണ് നമ്മുടെ ഭരണഘടനയില്‍ വിശദീകരിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
പില്‍ക്കാലത്ത് ഇതിന്റെ വ്യാപ്തി കൂട്ടി ഓരോ സന്ദര്‍ഭത്തിലും കോടതി സമക്ഷം എത്തിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് അത്യുന്നത നീതി പീഠം- സുപ്രീംകോടതി വിധിച്ചു. ഉദാഹരണം: 1993 ജൂണ്‍ ഏഴാം തീയ്യതി-ജീവനോപാധികളുടെ ലഭ്യത. ഇന്‍ക്ലൂഡഡ് ദ റൈറ്റ് ടു ലൈവ്ലി ഹുഡ്. മാലിന്യമുക്തമായ, പരിശുദ്ധമായ വായു ലഭിക്കാനുള്ള അവകാശമുണ്ട് എന്ന് വിധിച്ചു, 1991ല്‍. വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം- മെഡിക്കല്‍ എഡ്യുക്കേഷന്‍ ഉള്‍പ്പെടെ -ഉണ്ട് എന്ന് വിധിച്ചു. പിന്നീട് മോഹിനീജയിനും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുമായുണ്ടായ കേസില്‍ ഈ അവകാശം പരിമിതപ്പെടുത്തിക്കൊണ്ട് വിധിയുണ്ടായി. പതിനാല് വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം ഉണ്ടായിരിക്കും എന്ന് വിധിച്ചു-2006ല്‍. ഓരോ പൗരനും ന്യായമായ ജീവനോപാധി ലഭ്യമാക്കാനുള്ള അവകാശം ഉണ്ട് എന്ന് 1986ല്‍ വിധിയുണ്ടായി- ഓള്‍ഗാ ടെല്ലിസ് കേസില്‍. മാലിന്യ സംസ്‌ക്കരണം രാജ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് രത്ലം മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ വിധിച്ചു.
ഇതെല്ലാം ആകെ കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാകുന്നത്, പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ട് എന്നാണ്. ഇത് പരിഗണിച്ചിട്ടായിരിക്കണം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉത്തരവിട്ടത്. ആശുപത്രികളില്‍ ചികിത്സ -അതായത് രോഗശാന്തി- തേടി എത്തുന്നവരെ രോഗി എന്ന് പരാമര്‍ശിക്കാന്‍ പാടില്ല, ചികിത്സാ ഗുണഭോക്താവ് എന്ന് പറയണം എന്ന് (വാര്‍ത്ത- 8-10-2025 -മാതൃഭൂമി).
രോഗി എന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഒരാളുടെ മനസ്സിലുണ്ടാകുന്ന വികാരം രോഗാവസ്ഥ എന്ന ദുരവസ്ഥയെ പൂര്‍വ്വാധികം മൂര്‍ച്ഛിപ്പിക്കുകയേയൂള്ളൂ. അത് ഒഴിവാക്കണം; ആശ്വാസമേകണം. അതും പൗരന്റെ ന്യായമായ അവകാശമാണ്. ഇരുപത്തൊന്നാം അനുച്ഛേദം(ആര്‍ട്ടിക്കിള്‍-21) ഉറപ്പുനല്‍കുന്ന മൗലികാവകാശം.
അന്ധന്‍, ബധിരന്‍- തുടങ്ങി പ്രയോഗങ്ങള്‍ പാടില്ല(കുരുടന്‍, ചെകിടന്‍- ഇത്യാദി പ്രയോഗങ്ങള്‍ മുമ്പേ വിലക്കപ്പെട്ടു). കാഴ്ച പരിമിതന്‍, ശ്രവണശേഷി പരിമിതമായിട്ടുള്ള ആള്‍- എന്ന് പറയണം. ഭിന്നശേഷിക്കാര്‍ എന്ന് ഡിഫ്റന്റലി എബിള്‍ഡ്.
നാമാന്തരം-അഥവാ പേര് മാറ്റല്‍- സിദ്ധൗഷധം, അപ്രകാരം വിശ്വസിച്ചാല്‍ മതിയോ? സാങ്കേതിക പ്രശ്നങ്ങള്‍ പലതുണ്ട്: ഒരു സംസ്ഥാനത്ത് ഭരണം കൈയാളുന്ന മുഖ്യമന്ത്രി തീരുമാനിച്ചാല്‍പ്പോരാ നിയമമാകാന്‍. മന്ത്രിസഭാ തീരുമാനമായെടുത്ത് നിയമനിര്‍മ്മാണം നടത്തണം. ബില്ല് തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ സബ്ജക്റ്റ് കമ്മറ്റിക്ക് വിടും. കമ്മറ്റി അംഗങ്ങള്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ബഹുജനാഭിപ്രായം തേടും. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ബില്ല് മാറ്റിയെഴുതും ചിലപ്പോള്‍. സബ്ജക്റ്റ് കമ്മറ്റി ഇതര സംസ്ഥാനങ്ങളിലും അഭിപ്രായം ആരാഞ്ഞറിയാന്‍ പോയേക്കാം. സഭയില്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കിയാല്‍, നിയമമാകണമെങ്കില്‍ ഗവര്‍ണ്ണറുടെ സമ്മതം ലഭിക്കണം. എത്രകാലമെടുക്കാം എന്ന് വ്യവസ്ഥയില്ല. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ തല്‍ക്കാലം മനപ്പൊരുത്തമില്ലാത്ത സ്ഥിതിക്ക് ബില്ലിന്റെ അനന്തരഗതി എന്താകും?
അപ്പോള്‍, രോഗി, രോഗിയായിത്തന്നെ കഴിയട്ടെ, നാമാന്തരം എന്ന രോഗശമനോപായം കാണാമറയത്ത്- കാത്തിരിക്കാം.
