ലഖ്‌നൗ: മീററ്റില്‍ ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്നാണ് വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ 5:30 നാണ് ഉത്തര്‍പ്രദേശ് പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് പ്രതി ഷഹസാദിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്.
ഷഹ്‌സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാള്‍ ആദ്യം പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് തിരികെ വെടിയുതിര്‍ത്തത്. അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഏകദേശം അഞ്ചു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചത്.
ഇയാളുടെ പേരില്‍ നിലവില്‍ രണ്ട് ബലാത്സംഗ കേസുകള്‍ക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസുകാരിയുടെ വീട്ടിലെത്തിയ ഷഹ്‌സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. കൊടുംകുറ്റവാളിയായ ഇയാളെ പിടികൂടുന്നവര്‍ക്ക്
ഉത്തര്‍പ്രദേശ് പൊലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിനുള്ള ഉത്തര്‍പ്രദേശില്‍ രണ്ട് പിടികിട്ടാപ്പുള്ളികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തലസ്ഥാനമായ ലഖ്നൗവില്‍ ക്രൈംബ്രാഞ്ചും പാരാ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ക്യാബ് കൊള്ളക്കാരനായ ഗുരുസേവക് കൊല്ലപ്പെട്ടു.
