കാസര്‍കോട്: ശ്രീനഗറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയ കേരള ടീം ഉപനായകന്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി പൊവ്വലിലെ എ.ബി മുഹമ്മദ് ഷിഫാസിനു കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ഷിഫാസിനെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ പ്രസിഡണ്ട് കെ.ടി നിയാസ്, സി.എച്ച് റഫീഖ്, സാജു സിഎച്ച് എന്നിവരുടെ നേതൃത്വത്തിലാണ് വരവേല്‍പ്പ് നല്‍കിയത്.
മേഘാലയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ ഉള്‍പ്പെടെ കളിച്ച ആറു മത്സരങ്ങളിലും ഒറ്റഗോള്‍ പോലും വഴങ്ങാതെ കേരളം നേടിയ വിജയത്തിനു ഷിഫാസിന്റെ മികച്ച പ്രകടനമാണ് നിര്‍ണ്ണായകമായത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ഷാഫിയുടെയും ആയിഷത്ത് ഷറഫുന്നീസയുടെയും മകനാണ് ഷിഫാസ്.
