കാസര്‍കോട്: ചെമ്മനാട് പഞ്ചായത്ത് പുതിയ ഓഫീസ് സമുച്ചയ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഇടതുപക്ഷവും ബിജെപിയും വിട്ടു നിന്നു. മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ആണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. അത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ് തുടങ്ങിയവരും
പഞ്ചായത്തിലെ പ്രതിപക്ഷ, ബിജെപി അംഗങ്ങളും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. അതേസമയം ഉദ്ഘാടനത്തിന് പി കെ കുഞ്ഞാലിക്കുട്ടി എത്തിയില്ല. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ആധ്യക്ഷം വഹിച്ചു. ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ്യ, മുന്‍മന്ത്രി സി ടി അഹമ്മദലി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാകൃഷ്ണന്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ഹാജി, ആയിഷ സഹദുള്ള, കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
