കോർബ: കാമുകിയോടുള്ള തന്‍റെ സ്നേഹം സത്യമാണെന്ന് തെളിയിക്കാന്‍ വിഷം കഴിച്ച യുവാവ് മരിച്ചു. ഛത്തിസ്ഗഡിലെ കോര്‍ബയിലാണ് സംഭവം. കൃഷ്ണകുമാര്‍ പാണ്ഡോ(20)യാണ് മരിച്ചത്. ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ കുറെ കാലമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടിലറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബം കൃഷ്ണകുമാറിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സെപ്റ്റംബര്‍ 25ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മകളോടുള്ള സ്നേഹം സത്യമാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചോദ്യം. പിന്നാലെ മകള്‍ വിഷം തന്നാലും കഴിക്കുമോ എന്ന് ചോദിച്ചു. ആത്മാർത്ഥ സ്നേഹമുള്ളവര്‍ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞതോടെ സ്നേഹം തെളിയിക്കാന്‍ യുവാവ് വിഷം വാങ്ങി അവിടെ വച്ച് തന്നെ കഴിക്കുകയായിരുന്നു. വൈകാതെ അവശനിലയിലായി. പന്തികേടാണെന്ന് തോന്നിയതോടെ വിവരം യുവാവ് തന്റെ വീട്ടില്‍ വിളിച്ചറിച്ചു. അതിവേഗം സ്ഥലത്തെത്തിയ ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വിഷം തങ്ങള്‍ കൊടുത്തില്ലെന്നും വീട്ടിലെത്തിയതിന് പിന്നാലെ കൃഷ്ണകുമാര്‍ സ്വയം വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും പെണ്‍കുട്ടിയുടെ കുടുംബം അവകാശപ്പെട്ടു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു എന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
