തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിചേര്‍ത്തു. ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എ പത്മകുമാര്‍ പ്രസിഡന്റായ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണപാളി മോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ആരുടെയും പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നില്ല. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഡാലോചന നടത്തി. എ.പദ്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ശങ്കര്‍ ദാസ് കെ രാഘവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ, മുന്‍ തിരുവാഭരണം കമീഷ്ണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി സുധീഷ് കുമാര്‍, വി എസ് രാജേന്ദ്രപ്രസാദ്, അസി. എന്‍ജിനിയര്‍ കെ സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 2019 ലെ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറില്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ പ്രതി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് തന്നെ കൂടാതെ മറ്റൊരാള്‍ കൂടി ദേവസ്വം കമ്മീഷണര്‍ ആയി ഉണ്ടായിരുന്നു. 2019 മാര്‍ച്ച് 14 ന് താന്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം താനായിരുന്നില്ല ദേവസ്വം കമ്മീഷണര്‍. നവംബറിലാണ് ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയത്. രണ്ടു പദവികളില്‍ ഇരുന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. പ്രതിചേര്‍ത്തിട്ടുണ്ടെങ്കില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
