തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണ കടത്ത് സംഭവത്തിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. 9 ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്തും. ആറാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് അടക്കം തുടർനടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തീരുമാനം. സ്വർണ്ണം പൂശുന്നതിനായി നേരത്തെ ഇളക്കിയ ശ്രീകോവിൽ വാതിൽ സന്നിധാനത്ത് ഉണ്ടോ എന്നും പരിശോധിക്കും. ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലും പരിശോധന നടത്തും.
