ലക്നൗ: പള്ളി ഇമാമിൻ്റെ ഭാര്യയെയും രണ്ടു പെൺമക്കളെയും പള്ളിവളപ്പിലെ വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. യു.പി. ബാഗ്പഥ് ജില്ലയിലെ ദോഘാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗനൗലി പള്ളി ഇമാം ഇബ്രാഹിമിൻ്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെയാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളച്ചു മരിച്ച നിലയിൽ കാണപ്പെട്ടത്. ഇബ്രാഹിം വീട്ടിനു പുറത്തായിരുന്നപ്പോഴാണ് സംഭവമെന്നു കരുതുന്നു. ഇസ്രാനയുടെ മൃതദേഹം നിലത്തും കുട്ടികളുടേതു കിടക്കയിലുമായിരുന്നു. ഇസ്രാന വീട്ടിനടുത്തുള്ള കുട്ടികൾക്കു ട്യൂഷനെടുക്കാറുണ്ടായിരുന്നെന്നു പറയുന്നു. ഇതിനു വേണ്ടി എത്തിയ കുട്ടികളാണ് സംഭവം ആദ്യം അറിഞ്ഞത്. അവരതു നാട്ടുകാരെ അറിയിച്ചു. മുസാഫർ നഗർ സുന്ന സ്വദേശിയാണ് ഇബ്രാഹിം. നാലു വർഷമായി പള്ളി ഇമാമാണ്. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കുമാറ്റി. ഡി. ഐ. ജി.യുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. സംഭവമറിഞ്ഞു സ്ഥലത്തു ജനങ്ങൾ തടിച്ചു കൂടി. കൂടുതൽ പൊലീസിനെ സ്ഥലത്തു വിന്യസിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
