കാസർകോട്:കേരളത്തിലെ അപൂർവ്വമായ പരമ്പരാഗത വാഴയിനങ്ങളെ സംരക്ഷിക്കുന്ന പൈതൃക വാഴ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന ജി എഫ് എച്ച് എസ് എസ് ബേക്കൽ ഉപജില്ലാ കലോത്സവത്തിന് ആതിഥ്യമരുളുമ്പോൾ വേദികൾക്ക് പേരിടാൻ സംഘാടകർക്ക് മറിച്ച് ആലോചിക്കേണ്ടി വന്നില്ല. തേൻകദളി, കർപ്പൂരവല്ലി, ചെങ്കദളി, ആറ്റുകദളി,ഏത്ത പടത്തി, വേലി പടത്തി, വേലി പടത്തി, ചതുരക്കാളി, ചക്കരക്കല്ലി, കറക്കണ്ണി എന്നീ പേരുകളാണ് നൽകിയത്. ജൈവവൈവിധ്യ ക്ലബിൻ്റെ തീരുമാനത്തെ പിന്തുണച്ചാണ് അപൂർവ്വങ്ങളായ പൈതൃക വാഴയിനങ്ങളുടെ പേരുകൾനൽകാൻ കലോത്സവ കമ്മറ്റി തീരുമാനിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സ്കൂളിൻ്റെ മികച്ച നേട്ടമാണ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൈതൃക വാഴത്തോട്ടം.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ വേദികൾക്ക് ഒദ്യോഗികമായി നാമകരണം നൽകി. പന്തൽ കമ്മിറ്റി ചെയർമാനും സ്കുൾ എസ് എം സി ചെയർമാനും കൂടിയായ കെ വി ശ്രീധരൻ അധ്യക്ഷനായിരുന്നു. ഉദുമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി സുധാകരൻ, പിടിഎ പ്രസിഡൻറും കലോൽസവ വർക്കിങ്ങ് ചെയർമാനുമായ വി പ്രഭാകരൻ,മദർ പിടി എ പ്രസിഡൻ്റ് നിഷ വേണുഗോപാൽ, ഭക്ഷണ കമ്മിറ്റി ചെയർമാൻ സുധാകരൻ കുതിർ,വിദ്യാലയ വികസന സമിതി ചെയർമാൻ കെ ജി അച്യുതൻ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പളും കലോൽസവ ജനറൽ കൺവീനറുമായ കെ അരവിന്ദ സ്വാഗതവും ജൈവ വൈവിധ്യ ക്ലബ് കോർഡിനേറ്റർ ജയപ്രകാശ് എ കെ നന്ദിയും പറഞ്ഞു. ഒക്ടോബർ 29 മുതൽ നവംബർ ഒന്നു വരെയാണ് കലോത്സവം നടക്കുന്നത്.