കാസര്‍കോട്: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരം. 1700 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ശേഖരം പിടികൂടി. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവയും നിരോധിത കുടിവെള്ള കുപ്പികളും ഗോഡൗണുകളില്‍ നിന്നും പിടിച്ചെടുത്തു. ബന്തിയോടുള്ള 3 ഡി സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കടയില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കുന്ന ബിഎംഎ സ്റ്റോറിന്റെ ഗോഡൗണില്‍ നിന്നുമാണ് ഇത്രയധികം നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഒറ്റത്തവണ ഉപയോഗ ഉല്‍പന്നങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും പ്രകൃതിക്ക് ഒരുപോലെ ദോഷമാണെന്നതിനാല്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടവയാണ്. നിയമം ലംഘിച്ചാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഉപ്പള ടൗണില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടം ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തുടര്‍ പരിശോധന ഉണ്ടാകുമെന്ന് സ്‌ക്വാഡ് ലീഡര്‍ അറിയിച്ചു.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി അനു ജയന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശരീഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രജനി, സ്‌ക്വാഡ് അംഗം ടി സി ഷൈലേഷ് എന്നിവര്‍ പങ്കെടുത്തു.
