ചെന്നൈ: മൂന്നു മക്കളുടെ മാതാവായ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനു പ്രതികാരമായി ഭര്‍ത്താവ് മൂന്നു മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പട്ടുക്കോട്ടൈ താലൂക്കിലെ ഗോപാലസമുദ്രത്തെ വിനോദ് കുമാറാണ് 12വും എട്ടും വയസ്സുള്ള പെണ്‍മക്കളെയും അഞ്ചുവയസ്സുകാരനായ മകനെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് വിനോദ് കുമാര്‍ (38) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹോട്ടല്‍ ജീവനക്കാരനായ വിനോദ് കുമാറിന്റെ ഭാര്യ നിത്യ സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരാളുമായി സൗഹൃദത്തിലാവുകയും ആറുമാസം മുമ്പു മക്കളെ ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം ഒളിച്ചോടുകയുമായിരുന്നു. സംഭവം വിനോദ് കുമാറിനെ വിഷമിപ്പിച്ചു. വിഷമത്തില്‍ നിന്നു മനസ്സുമാറ്റുന്നതിനു മദ്യപാനം തുടങ്ങി. ഇന്നലെ മദ്യപിച്ചു വീട്ടിലെത്തിയ ശേഷമാണ് മക്കളെ കൊലപ്പെടുത്തിയതെന്നു പറയുന്നു. മൂത്ത മകള്‍ ഓവിയ ആറാം ക്ലാസിലും രണ്ടാമത്തെ മകള്‍ കീര്‍ത്തി മൂന്നാം ക്ലാസിലും മകന്‍ ഈശ്വരന്‍ കിന്റര്‍ ഗാര്‍ഡനിലും വിദ്യാര്‍ത്ഥികളായിരുന്നു. ഭാര്യയുടെ ഒളിച്ചോട്ടത്തിനു ശേഷം വിനോദ് കുമാര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നു പറയുന്നു.
