മംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ ഇ.കെ സമസ്ത പിളര്‍പ്പിലേക്ക്. സമസ്തയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത എട്ടിനു മംഗലാപുരത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ യോഗത്തില്‍ മറനീക്കി പുറത്തുവന്നു.
ഇ.കെ സമസ്തയിലെ പാണക്കാട് അനുഭാവികളും വിമതവിഭാഗവും തമ്മിലാണ് വാക്കേറ്റവും ബഹളവുമുണ്ടായതെന്നു പറയുന്നു. ബഹളത്തെത്തുടര്‍ന്നു യോഗം അലങ്കോലപ്പെട്ടുവെങ്കിലും വിമത വിഭാഗം യോഗസ്ഥലത്തു നിന്നു പിന്തിരിഞ്ഞ ശേഷം സുന്നി മഹല്‍ ഫെഡറേഷന്‍ ദക്ഷിണ കര്‍ണ്ണാടക പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കര്‍ണ്ണാടകയിലെ നിരവധി പള്ളി മഹല്ലുകള്‍ക്കും ജമാഅത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും നേതൃത്വം നല്‍കുന്ന മംഗലാപുരം ദക്ഷിണകന്നഡ ജില്ലാ ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ത്വാഖ അഹമ്ദ് മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദക്ഷിണ കന്നഡ പ്രസിഡന്റ് എംപിഎം സൈനുലാബ്ദീന്‍ തങ്ങള്‍ എന്നിവര്‍ വിളിച്ചു കൂട്ടിയ സുന്നി മഹല്‍ ഫെഡറേഷന്‍ യോഗത്തില്‍ എസ്എംഎഫ് സംസ്ഥാന നേതാക്കളായ യു ഷാഫി ഹാജി, മുസ്ലിം ലീഗിന്റെയും എസ്എംഎഫിന്റെയും സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അതിഥികളായി പങ്കെടുത്തിരുന്നു.
യോഗം ആരംഭിക്കാന്‍ തുടങ്ങിയതോടെ വിമത വിഭാഗക്കാരായ കാസര്‍കോട് ജില്ലയിലെ കുമ്പള ഷാഫി ഇമാം അക്കാദമി മാനേജര്‍ അലി ദാരിമി, ഹസന്‍ അര്‍ഷാദി, മുസ്തഫ അന്‍സാരി, ഇസ്മായില്‍ യമാനി, യൂസഫ് സവാദ് ഫൈസി, താജുദ്ദീന്‍ റഹ്‌മാനി, റിയാസ് റഹ്‌മാനി തുടങ്ങിയവര്‍ യോഗ സ്ഥലത്തേക്ക് ഇരച്ചു കയറുകയായിരുന്നുവെന്നു പറയുന്നു. വേദിയില്‍ കയറിയ ഇവര്‍ അവിടെയുണ്ടായിരുന്നവരുമായും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നുവത്രെ.
തങ്ങളെ യോഗ വിവരം അറിയിക്കാത്തതിലും ഒരു വിഭാഗത്തെ മാറ്റി നിറുത്തിക്കൊണ്ടു സുന്നി മഹല്ല് ഫെഡറേഷന്‍ യോഗം സംഘടിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഇവര്‍ യോഗസ്ഥലത്തു ഇരച്ചു കയറുകയും യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതെന്നു സംസാരമുണ്ട്. സമസ്തയുടെ ഔദ്യോഗിക ഇ.കെ വിഭാഗവും അസംതൃപ്തരായ വിമത വിഭാഗവും തമ്മിലുള്ള ഭിന്നതയാണ് യോഗസ്ഥലത്തു പ്രകടമായതെന്നും പറയുന്നുണ്ട്. അതേ സമയം ഇരു വിഭാഗങ്ങളും ശക്തമായ പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം ദക്ഷിണ കര്‍ണ്ണാടകയില്‍ സമസ്ത പ്രവര്‍ത്തനത്തിനു ഭീഷണിയായിട്ടുണ്ടെന്നു സൂചനയുണ്ട്.
