കാസർകോട്: കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിൽ പെടുത്തി 2.40 കോടി തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർകോട് സൈബർ പൊലീസ് തിരികെ പിടിച്ചു. തട്ടിപ്പുകാർ നിക്ഷേപിച്ച ഇൻഡസിൻഡ് ബാങ്കിന്റെ ബീഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നാണ് 8 ആഴ്ച കൊണ്ട് 50 ലക്ഷം രൂപ തിരിച്ചു പിടിച്ചത്. കാഞ്ഞങ്ങാട്ട് റിട്ട. അധ്യാപകന്റെയും ഭാര്യയായ ഡോക്ടറുടെയും പണം 2025 ആഗസ്റ്റ് 12 മുതൽ 21 വരെയുള്ള തിയ്യതികളിൽ പല തവണയായിയാണ് തട്ടിയത്. മണി ലോണ്ടറിംഗ് കേസിൽ ഉൾപ്പെട്ടു എന്ന് വിശ്വസിപ്പിച്ചു ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു അക്കൗണ്ടിലെ പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ദമ്പതികൾ സൈബർ പൊലീസിന്റെ സഹായം തേടുകയായിരുന്നു. അവസരോചിതമായ ഇടപെടലിലൂടെ ഇതുവരെ 57 ലക്ഷം രൂപ ഫ്രീസ് ചെയ്യിക്കാൻ സൈബർ പൊ lലീസിന് കഴിഞ്ഞു. അതിൽ 50 ലക്ഷം രൂപ കോടതി മുഖേന ഡി ഡി ആയി കാസർകോട് കോടതിയിൽ എത്തി. അവസാനമായി തട്ടിപ്പുകാർക്ക് പണം നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ (ഗോൾഡൻ ഹവർ ) പരാതി രജിസ്റ്റർ ചെയ്തതിനാലാണ് പണം തിരികെ പിടിക്കാൻ സാധിച്ചത്.ജില്ലാ പൊലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ യു പി വിപിന്റെ മേൽനോട്ടത്തിൽ എസ് ഐ രവീന്ദ്രൻ, ഷിനു കെ ബി, എഎസ്ഐ പ്രശാന്ത്, രഞ്ജിത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധേഷ് എന്നിവരാണ് ഈ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
