കാസര്‍കോട്: ഹൊസ്ദുര്‍ഗ്ഗ്, കല്ലംചിറ, പുതുക്കാല്‍ അച്ചി മേലമ്മ ദേവസ്ഥാനത്തു നിന്നു വിളക്കുകളും മണികളും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.
പയ്യന്നൂര്‍, രാമന്തളി, കുരിശുമുക്കിലെ പി വി പ്രകാശ(47)നെയാണ് ഹൊസ്ദുര്‍ഗ്ഗ് എസ് ഐ എ ആര്‍ ശാര്‍ങ്ധരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കവര്‍ച്ചാമുതലുകള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രിയാണ് ദേവസ്ഥാനത്തു നിന്നു രണ്ട് വലിയ മണികള്‍, 6 തൂക്കുവിളക്കുകള്‍, കൈമണി, കൊടിവിളക്ക്, തളിക എന്നിവ മോഷണം പോയത്. ഭണ്ഡാരം കുത്തിത്തുറന്ന് പണവും മോഷ്ടിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ദേവസ്ഥാനം സെക്രട്ടറി കുശാല്‍ നഗറിലെ സി രാജീവന്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് ആക്രിക്കടകള്‍ നിരീക്ഷണത്തിലാക്കുകയും കവര്‍ച്ചാ മുതലുകള്‍ വില്‍ക്കാന്‍ എത്തിയപ്പോള്‍ കയ്യോടെ പിടികൂടുകയുമായിരുന്നു.
