കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ രണ്ടു പേരെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളെയും വെറുതെ വിട്ടു. കൊടി സുനി, മുഹമ്മദ് ഷാഫി, കെ ഷിനോജ്, ടി കെ സുമേഷ്, ടി സുജിത്ത്, ടി പി ഷാമില്‍, എ കെ ഷമ്മാസ്, കെ കെ അബ്ബാസ്, രാഹുല്‍, കെ വി വിനീഷ്, പി വി വിജിത്ത്, ഫൈസല്‍, സരീഷ്, ടി പി സതീഷ് എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ ജോസ് വെറുതെ വിട്ടത്. 2010 മെയ് 28ന് ന്യൂമാഹിയിലെ പൂശാരി കോവിലിനു സമീപത്തു വച്ചാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ വിജിത്ത് (28), ഷിനോജ് (30) എന്നിവര്‍ കൊല്ലപ്പെട്ടത്. പള്ളൂരില്‍ സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. പതിനാറ് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസ്. മുഹമ്മദ് രജീസ്, സി കെ രജികാന്ത് എന്നിവര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. പ്രതിഭാഗത്തിനായി സി കെ ശ്രീധരന്‍, കെ വിശ്വന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
