പയ്യന്നൂര്‍: വാഹനങ്ങളെ അപകടകരമായി മറികടന്നു വന്ന കാര്‍ നിര്‍ത്തിച്ച എസ് ഐയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. വളപ്പട്ടണം എസ് ഐ ടി എം വിപിനു നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ മാടായി, മഹദാര്‍ മസ്ജിദിനു സമീപത്തെ കെ ഫായിസ് അബ്ദുല്‍ ഗഫൂര്‍ (23), മാട്ടൂല്‍, കാവിലെ പറമ്പില്‍ പി പി കെ ഹൗസില്‍ പി പി നിയാസ് (22) എന്നിവരെ അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-” എസ് ഐയും സംഘവും പട്രോളിംഗ് നടത്തുകയായിരുന്നു. ഏഴുമണിയോടെ പാപ്പിനിശ്ശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേയ്ക്ക് അപകടകരമായ രീതിയില്‍ വാഹനങ്ങളെ മറികടന്നെത്തിയ കാറിനു പൊലീസ് സംഘം കൈകാണിച്ചു. കാര്‍ നിര്‍ത്തിയെങ്കിലും പെട്ടെന്ന് പിന്നോട്ടെടുത്ത ശേഷം മുന്നോട്ട് വെട്ടിച്ചെടുത്ത് എസ് ഐയുടെ നേരെ ഓടിച്ചു കയറ്റി. ഇതോടെ എസ് ഐ കാറിന്റെ ബോണറ്റിന്റെ മുകളില്‍ വീണു. ബോണറ്റില്‍ തൂങ്ങി കിടന്ന എസ് ഐയുമായി വേഗതയില്‍ മുന്നോട്ടെടുത്ത കാര്‍ എതിര്‍ വശത്തു നിന്നും വന്ന ഓട്ടോയില്‍ തട്ടിയ ശേഷം മതില്‍ക്കെട്ടിലേയ്ക്ക് ഇടിച്ചു നില്‍ക്കുകയും എസ് ഐ റോഡിലേയ്ക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇതോടെ ആള്‍ക്കാര്‍ ഓടിക്കൂടി. കാറില്‍ ഉണ്ടായിരുന്നവരെ തടഞ്ഞു വച്ചു. ഫായിസ് അബ്ദുല്‍ ഗഫൂര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ എസ് ഐ വിപിന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി”.
