ലഖ്നൗ: രാത്രിയില്‍ ഭാര്യ പാമ്പിന്റെ രൂപംപൂണ്ട് തന്നെ കടിക്കാന്‍ ശ്രമിച്ചുവെന്ന വിചിത്രവാദവുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ജനങ്ങളുടെ പരാതികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കുന്ന വേളയില്‍ മഹ്‌മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമവാസിയായ മെരാജ് ആണ് ഭാര്യയ്ക്കെതിരെ വിചിത്ര വാദം ഉന്നയിച്ചത്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു പാമ്പായി മാറി എന്നെ കടിക്കാനായി ഓടിച്ചിട്ടു,
ഭാഗ്യത്തിന്റെ പേരില്‍ മാത്രം താന്‍ രക്ഷപ്പെട്ടു. ഭാര്യ എന്നെ പലതവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും കൃത്യസമയത്ത് ഉണര്‍ന്നതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ സാധിച്ചു. എന്റെ ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഞാന്‍ ഉറങ്ങുമ്പോള്‍ ഏത് രാത്രിയില്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’- മെരാജ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും പൊലീസിനോടും വിഷയം അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാനസിക പീഡനത്തിന് സാധ്യതയുള്ള ഒരു കേസായി ഇതിനെ കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. മിരാജ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് രാജ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നസീമുനയെ വിവാഹം കഴിച്ചത്.
തുടക്കത്തില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നാലെ ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി മിരാജ് പറയുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മെരാജിന്റെ വിചിത്രവാദം വ്യാപകമായാണ് പ്രചരിക്കുന്നത്. ‘നിങ്ങള്‍ ഒരു മൂര്‍ഖനായി മാറും’- എന്ന തരത്തില്‍ നിരവധി പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടു.
