മുഹമ്മദ് അന്‍വര്‍ യൂനുസ്
ഒക്ടോബര്‍ – ഡിസംബര്‍ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. പൊതുവെ മനുഷ്യരുടെ മുന്നില്‍ പെടാതെ തന്നെ ജനവാസ മേഖലകളില്‍ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകള്‍, ഇണചേരല്‍ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാല്‍ അവയെ കാണുന്നതിനും അവയുടെ കടിയേല്‍ക്കുന്നതിനും സാധ്യതയേറെയാണ്. പെണ്‍ പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍ പാമ്പുകള്‍ അവയെ തേടിയിറങ്ങുകയും, അത്തരത്തില്‍ പലയിടത്ത് നിന്നും ആണ്‍ പാമ്പുകള്‍ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരല്‍ അവകാശത്തിനായുള്ള ആണ്‍പോരില്‍ ഏര്‍പ്പെടുകയും ചെയ്യും. രാജവെമ്പാലകള്‍ ഇത്തരത്തില്‍ ഒരു വനപ്രദേശത്ത് നിന്നും ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസ മേഖലകളിലൂടെ കടന്നുപോകാറുണ്ട്. ഇക്കാലയളവില്‍ പാമ്പുകള്‍ക്ക് പതിവിലധികം രൂക്ഷസ്വഭാവം കാണാറുണ്ട്.
സംസ്ഥാനത്ത് 2024 ജനുവരി മുതല്‍ ആഗസ്റ്റ് വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരണപ്പെട്ടത് 8 പേരാണ്. എന്നാല്‍ അടുത്ത നാല് മാസങ്ങള്‍ കൊണ്ട് 22 പേര്‍ പാമ്പുകടിയേറ്റ് മരിച്ചു. 2024 ല്‍ ആകെ 30 മരണം. 2025 ല്‍ ഒക്ടോബര്‍ ആദ്യവാരം വരെ 14 പേര്‍ പാമ്പുകടിയേറ്റ് മരിച്ചു. ഇനിയുള്ള മൂന്ന് മാസം അത്ര തന്നെ മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒരല്‍പം ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം, വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമാക്കാം
പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം ജന്‍മസിദ്ധമാണ്. വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനെ കണ്ടാലും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാകാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം പാമ്പിനങ്ങളും അപകടകാരികളല്ല എന്നതാണ് സത്യം.
ജനവാസ മേഖലകള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാത്തരം ആവാസ വ്യവസ്ഥകളിലും പാമ്പുകള്‍ കാണപ്പെടുന്നുണ്ട്. പാമ്പുകള്‍ക്ക് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുണ്ട്. എലിപ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങള്‍ പരത്തുകയും നമ്മുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന എലി, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പാമ്പുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ അവ നിസ്തുലമായ സേവനം നല്‍കി വരുന്നു.
കേരളത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. കേരളത്തില്‍ കാണപ്പെടുന്നവയില്‍ പത്തില്‍ താഴെ ഇനങ്ങള്‍ക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തില്‍ ഉഗ്രവിഷമുള്ളൂ. മൂര്‍ഖന്‍, വെള്ളിക്കട്ടന്‍(ശംഖുവരയന്‍, എട്ടടിവീരന്‍, വളവളപ്പന്‍, മോതിരവളയന്‍,വളകഴപ്പന്‍ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടന്‍ (തേക്കിലപ്പുള്ളി, വട്ടക്കൂറ, മഞ്ചട്ടി എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈര്‍ച്ചവാള്‍ ശല്‍ക്ക അണലി, രക്തയണലി), മുഴമൂക്കന്‍ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകള്‍. അതില്‍ തന്നെ മൂര്‍ഖന്‍, ചേനത്തണ്ടന്‍, വെള്ളിക്കട്ടന്‍ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്.
പാമ്പുകളില്‍ നിന്നും നമ്മുടെ വാസസ്ഥലങ്ങളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്നതിന് ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.
- കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
- കെട്ടിടങ്ങള്‍ക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കള്‍ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാന്‍ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.
- ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും, എലിയുടെ സാന്നിധ്യം തീര്‍ച്ചയായും പാമ്പുകളെ ആകര്‍ഷിക്കും.
- കെട്ടിടത്തിന് മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടര്‍ത്തിയ വള്ളിച്ചെടികള്‍ ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുന്നു.
- ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം. ഇല്ലെങ്കില്‍ തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചേക്കാം.
- കെട്ടിടത്തിന്റെ മുന്‍, പിന്‍വാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം.
- കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീല്‍ ചെയ്യുക.
- രാത്രികളില്‍ കാല്‍നടയാത്രക്ക് ലൈറ്റ്/ ടോര്‍ച്ച് നിര്‍ബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.
- വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളില്‍ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാന്‍.
- വീടിന് മുന്നില്‍ വച്ച ചെറിയ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കില്‍ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകള്‍ ചെടിച്ചട്ടിക്ക് കീഴില്‍ ചുരുണ്ടുകൂടാം.
- പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിന്‍ കുഞ്ഞുങ്ങളെ കാണാറുണ്ട്.
- വീട്ടില്‍ പൂച്ചയോ നായയോ ഉണ്ടെങ്കില്‍ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളില്‍ എത്തിക്കാന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
പാമ്പുകള്‍ പ്രകൃതിയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ജനവാസസ്ഥലങ്ങളില്‍ നിന്ന് മനുഷ്യന് ദോഷമില്ലാത്ത, വിഷമില്ലാത്ത പാമ്പുകളെ സത്യത്തില്‍ പിടികൂടി നീക്കം ചെയ്യേണ്ട ആവശ്യമില്ല. പാമ്പ് കാരണം ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ കേരള വനംവകുപ്പ് സുസംഘടിതമായ ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആയിരത്തി എഴുനൂറില്‍പരം അംഗീകൃത പാമ്പ് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ട്. പാമ്പുകള്‍ മൂലം അപകടസാധ്യതയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് അവര്‍ സജ്ജരാണ്.
കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാല്‍, ദയവായി കേരള വനം വകുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടുക. അവര്‍ ഉടന്‍ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യും. ഈ സേവനം സൗജന്യമാണ്.