തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യനടപടിയുമായി ദേവസ്വം ബോര്‍ഡ്.
2019 ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്തു. 2025 ല്‍ സ്വര്‍ണ്ണ പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലില്‍ നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സസ്‌പെന്‍ഷന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി മൂരാരി ബാബു രംഗത്തുവന്നു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തിയെന്നാണ് മൂരാരി ബാബുവിന്റെ തുറന്ന് പറച്ചില്‍. ചെയ്ത കാര്യങ്ങള്‍ എല്ലാം നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു.
ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയത്. നേരത്തെ റിപ്പോര്‍ട്ടില്‍ വന്നതു പോലെ സ്വര്‍ണപ്പാളിയല്ല. തിരുവാഭരണ കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച ശേഷമാണു 2019 ല്‍ ഇളക്കിക്കൊണ്ടുപോയത്. ബോര്‍ഡ് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്. അല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പറയുന്നതു പോലെയല്ലെന്ന് ബാബു വ്യക്തമാക്കി.
അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചിരുന്നു.
