ന്യൂഡല്‍ഹി: രാജ്യത്തെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ ബ്രൗസറില്‍ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്. ക്രോമിന്റെ പഴയ പതിപ്പുകളുള്ള ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറയുന്നു. വിന്‍ഡോസ്, ലിനക്‌സ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കളെ ഇത് ബാധിക്കും.
ഗൂഗിള്‍ ക്രോമില്‍ നിരവധി പിഴവുകള്‍ കണ്ടെത്തിയതായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സുരക്ഷാ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് വിന്‍ഡോസ്, മാകോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉപയോക്താക്കളെ ബാധിച്ചേക്കാം. ഒരുഹാക്കര്‍ക്ക് ഉപയോക്താവിന്റെ സിസ്റ്റത്തില്‍ മാല്‍വെയര്‍ കോഡ് പ്രവര്‍ത്തിപ്പിക്കാനും സിസ്റ്റത്തിന്റെ നിയന്ത്രണം നേടാനും കഴിയും. ഇത്തരം അപകടകരമായ വെബ്സൈറ്റിലേക്ക് ഒരു ഉപഭോക്താവ് പ്രവേശിക്കുകയാണെങ്കില്‍, ഹാക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റത്തിലേക്ക് ആക്സസ് നേടാനും ഡാറ്റ മോഷ്ടിക്കാനും മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
