ഭുവനേശ്വര്‍: ഒഡിഷയിലെ ബര്‍ഹാംപുരില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പ്രിതാബാഷ് പാണ്ഡ(50)യാണ് ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന് സമീപത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗവും വിവരാവകാശ പ്രവര്‍ത്തകനുമായിരുന്നു. വാണിജ്യ, ഗതാഗത മന്ത്രി ബിഭൂതി ഭൂഷണ്‍ ജെനയും നിരവധി ബിജെപി നേതാക്കളും എംകെസിജി ആശുപത്രി സന്ദര്‍ശിച്ചു.
