കാസർകോട്: അപകടകരമായ കഞ്ചിക്കട്ട പാലത്തിലൂടെ ഹെവി വാഹനങ്ങൾ ഓടുന്നതു തടയാൻ സ്ഥാപിച്ച മതിൽ പൊളിച്ചതു നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ ജെ.സി.ബി.യാണെന്നു സൂചന. പാലം അപകടനിലയിലായതിനെത്തുടർന്നു ജില്ലാ കളക്ടറാണ് പാലത്തിലൂടെയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതം തടഞ്ഞത്. നിരോധനം ഉറപ്പാക്കാൻ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത തരത്തിൽ പഞ്ചായത്ത് അധികൃതർ കോൺക്രീറ്റ് മതിൽ സ്ഥാപിച്ചിരുന്നു. ഒന്നര വർഷത്തോളമായി നിലനിന്ന മതിൽ ശനിയാഴ്ച രാത്രിയാണ് പൊളിച്ചെറിഞ്ഞത്. ഞായറാഴ്ച കാരവൽ മീഡിയ ഇതു ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാത്രി നമ്പർ പ്ലേറ്റ് നീക്കം ചെയ്ത ജെ.സി ബി. മതിൽ ഇടിച്ച നിരത്തിയതെന്നു കണ്ടെത്തിയിട്ടുണ്ടെന്നു സൂചനയുണ്ട്. ഇതിനു പിന്നിൽ മണൽ മാഫിയ ആവുമെന്നും സംശയമുണ്ട്. അതിനെ കുറിച്ചും അന്വേഷിക്കുന്നു. അപകടകരമായ പാലത്തിലൂടെയുള്ള ഹെവി വിവാഹനങ്ങളുടെ സഞ്ചാരം അപകടത്തിനിടയാക്കിയേക്കുമെന്നു നാട്ടുകാർ ഉൽക്കണ്ഠപ്പെടുന്നുണ്ട്. അതേ സമയം, പാലം പൊളിച്ചുമാറ്റി ആധുനിക നിലയിൽ പാലപണിയുന്നതിനു സർക്കാർ 27 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടെന്നു പറയുന്നുണ്ട്.







