കാസര്‍കോട്: ചിത്താരിയിലും മത്തി ചാകര. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ചിത്താരി അഴിമുഖത്തിനു അടുത്ത് മത്തികള്‍ കൂട്ടത്തോടെ കരക്കെത്തിയത്. ഓരോ തിരമാലയ്ക്ക് ഒപ്പവും നൂറുകണക്കിനു മീനുകളാണ് കരയില്‍ അടിഞ്ഞത്. വിവരമറിഞ്ഞു സ്ഥലത്തേക്ക് കുതിച്ചെത്തിയ നിരവധി പേര്‍ കൂട്ടനിറയെ പിടയ്ക്കുന്ന മത്തികളുമായാണ് മടങ്ങിയത്.
കണ്ണൂര്‍, പയ്യാമ്പലം കടപ്പുറത്താണ് സമാനമായ സംഭവം ആദ്യം ഉണ്ടായത്. പിന്നീട് മരക്കാപ്പ് കടപ്പുറത്തും സമാനരീതിയില്‍ മത്തികള്‍ കരയില്‍ എത്തിയിരുന്നു. വടക്കോട്ടുള്ള മറ്റു തീരങ്ങളിലും മത്തിചാകര ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തീരദേശവാസികള്‍. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെയാണ് ചിത്താരിയിലും ചാകര എത്തിയത്. അടുത്ത ചാകര എവിടെ ആയിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.







