തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടിഡി രാമകൃഷ്ണന്‍, എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങുന്ന സമിതിയാണ് ഇ സന്തോഷ് കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ‘സോനാറ്റ’ ഹാളില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും വയലാര്‍ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സന്തോഷ് കുമാര്‍ നേടിയിട്ടുണ്ട്. 2012 ല്‍ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച അന്ധകാരനഴി ഉള്‍പ്പെടെ ഏഴു നോവലുകളും രചിച്ചിട്ടുണ്ട്.
