ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയായി ഗര്‍ഭിണി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. 21 വയസുകാരി രജനി കുമാരിയെ ആണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. രംഗ്പൂര്‍ സ്വദേശിയാണ് രജനി കുമാരി. കഴിഞ്ഞ ഏപ്രിലിലാണ് ഗോപാല്‍പൂര്‍ സ്വദേശി സച്ചിനെ യുവതി വിവാഹം ചെയ്തത്. പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സച്ചിന്റെ സഹോദരന്മാരായ പ്രാന്‍ഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവര്‍ ചേര്‍ന്ന് 5 ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഒരു ടെന്റ് ഹൗസ് തുടങ്ങാന്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിന്റെ പേരില്‍ വെള്ളിയാഴ്ച യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന് ഇരയായ യുവതി നിലത്തുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചെന്നാണ് അയല്‍വാസികളോടും നാട്ടുകാരോടും പറഞ്ഞത്. തെളിവുകള്‍ നശിപ്പിക്കാന്‍ യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചെന്നാണ് ആരോപണം. രജനിയുടെ മാതാവ് സുനിതാ ദേവി ഒഞ്ച പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (റൂറല്‍) രാഹുല്‍ മിതാസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എഎസ്പി പറഞ്ഞു.
