കോഴിക്കോട്: ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടു വഴി പരിചയത്തിലായ വീട്ടമ്മയിൽ നിന്നു 10 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റിൽ . നീലേശ്വരം, കാട്ടിക്കുളത്തെ ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ ബൈജുവും സംഘവും അറസ്റ്റു ചെയ്തത്. ഷാനു എൻ എൽ എന്ന വ്യാജ എഫ്.ബി അക്കൗണ്ട് വഴിയാണ് ഇയാൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയുമായി സൗഹൃദത്തിലായത്. മൂന്നു ദിവസത്തെ പരിചയം കൊണ്ട് വീട്ടമ്മയുടെ മനം കവർന്ന ഷെനീർ പണയം വയ്ക്കാനെന്ന വ്യാജേന 10 പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച്ട് ഓഫാവുകയും ചെയ്തു. ഇതോടെയാണ് താൻ കബളിപ്പിക്കപെട്ടതായുള്ള ബോധ്യം വീട്ടമ്മയ്ക്ക് ഉണ്ടായത്. തുടർന്ന് പൊലിസിൽ പരാതി നൽകി.സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ സ്വർണ്ണം തട്ടിയെടുത്ത വ്യാജൻ പിടിയിലായത് .
