കാസര്‍കോട്: കുമ്പള സ്‌കൂള്‍ കലോത്സവത്തില്‍ ഹമാസ് അനുകൂലപ്രമേയം കുട്ടികളുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിച്ചത് ആരാണെന്നു കൂടി വിദ്യാഭ്യാസമന്ത്രി അന്വേഷിക്കണമെന്നു ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കു കലോത്സവത്തില്‍ ഏതു പ്രമേയവുമവതരിപ്പിക്കാമെന്നു കാസര്‍കോടു വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കുട്ടികളുടെ സര്‍ഗവാസന പരിപോഷിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം. തീവ്രവാദ സംഘടനയെന്നു ലോകം കുറ്റപ്പെടുത്തുന്ന ഭീകരസംഘടനയായ ഹമാസിന് അനുകൂലമായ പ്രമേയം ദേശീയ താല്‍പ്പര്യമാണോ? ഹമാസ് അനുകൂലികള്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ടെന്നും അവരാണ് കുട്ടികള്‍ക്ക് ഹമാസ് അനുകൂല വിഷയം കുത്തിവച്ചതെന്നും അതു വളരുന്ന കുട്ടികളെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാനും പരസ്പരം പ്രശ്‌നമുണ്ടാക്കാനും അവരില്‍ സ്‌നേഹവും വിശ്വാസവും ഇല്ലാതാക്കാനുമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ വിദേശ നയത്തിനെതിരായ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഏതു വിദ്യാഭ്യാസമന്ത്രിക്കാണ് അധികാരമെന്നു ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ് ശിവന്‍കുട്ടിയെന്ന് അവര്‍ പറഞ്ഞു. മോദി അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്കു നാടുവിട്ടുപോകേണ്ടിവരുമെന്ന് മുമ്പു ശിവന്‍കുട്ടി പറഞ്ഞതു ജനങ്ങള്‍ മറന്നിട്ടില്ല.
പൗരത്വ നിയമത്തിന്റെ പേരില്‍ വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിച്ച കാസര്‍കോട്ടു നിന്ന് ഏതെങ്കിലും ഒരു മുസ്ലീം നാടുവിട്ടോ എന്ന് അവര്‍ ആരാഞ്ഞു. ഇന്ത്യാ, ഇന്ത്യക്കാരുടെ അമ്മയാണ്. ഇന്ത്യക്കാരെ സംരക്ഷിക്കാനാണ് ഇന്ത്യാഗവണ്‍മെന്റ് ശ്രമിക്കുന്നത് കുട്ടികളില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം തടയാന്‍ അധ്യാപകന് അധികാരമുണ്ടെന്നും സംസ്ഥാനത്തെ ഗവ. സ്‌കൂളുകള്‍ ശിവന്‍കുട്ടിക്കു പതിച്ചു നല്‍കിയതല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മഹാഭക്തനായ മുഖ്യമന്ത്രി പിണറായി വിജയനറിയാതെയാണ് അയ്യപ്പ സന്നിധിയില്‍ നിന്നു സ്വര്‍ണ്ണം കളവുപോയതെങ്കില്‍ സംഭവത്തെക്കുറിച്ച് ഉടന്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണമെന്ന് ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ധര്‍മ്മശാസ്താവിന്റെ സൂക്ഷിപ്പുകള്‍ പരിപാവനമായി സൂക്ഷിക്കേണ്ട കഴകക്കാരന് ദേവസ്വം ബോഡും ദേവസ്വം മന്ത്രിയുമറിയാതെ എങ്ങനെയാണ് സ്വര്‍ണ്ണപ്പാളി കടത്താന്‍ കഴിയുക?
1999 മുതലുള്ള ശബരിമലയുടെ വരവും ചെലവും, വെള്ളി-സ്വര്‍ണ്ണം കാണിക്കയും ആസ്തികളും പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മഹാഭക്തന്‍ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് അതിനു ശേഷം പോരെ? പ്രതിപക്ഷത്തെ നേതാക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്താണു പറയാനുള്ളതെന്ന് അവര്‍ ആരാഞ്ഞു. വേണുഗോപാലിനു കരിമണല്‍ ഖനനത്തെക്കുറിച്ചു മാത്രമേ പ്രതികരണമുള്ളോ എന്നും ബി ജെ പി നേതാവ് ചോദിച്ചു. തന്ത്രിമാരുടെ സംഘടന ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നു കൂട്ടിച്ചേര്‍ത്തു.
